Sunday, March 13, 2011

ജിമെയില്‍/മെയില്‍ ഡാറ്റ സുരക്ഷിതമാക്കാന്‍ ആറ് മാര്‍ഗ്ഗങ്ങള്‍




ഇക്കഴിഞ്ഞ ആഴ്ച ജിമെയിലില്‍ നിന്നും അപ്രതീക്ഷിതമായി ഇന്‍ബോക്‌സ് ഡാറ്റകള്‍ അപ്രത്യക്ഷമായെന്ന വാര്‍ത്ത ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പിന്നീട് ഇവ പുനസ്ഥാപിച്ചെങ്കിലും നാല്പതിനായിരത്തോളം ജിമെയില്‍ ഉപഭോക്താക്കള്‍ക്കാണ് ഇത് നഷ്ടം വരുത്തി വെച്ചത്. ഇത്തരം പ്രശ്‌നങ്ങള്‍ പലപ്പോഴും സംഭവിച്ചെന്ന് വരാം. മെയില്‍ ഡാറ്റകള്‍ സുരക്ഷിതമാക്കി വെക്കേണ്ടത് മെയില്‍ ദാതാക്കളുടെ ചുമതലയാണെങ്കിലും അത് സുരക്ഷിതമാക്കി വെക്കേണ്ട കടമ നമുക്ക് കൂടിയുണ്ട്. 19 കോടിയിലേറെ ജിമെയില്‍ ഉപഭോക്തക്കള്‍ ലോകത്തിന്റെ വിവിധ ഭാഗത്തായി ഉണ്ടെന്നാണ് കണക്കുകള്‍. അതില്‍ പലര്‍ക്കും ഒന്നിലേറെ അക്കൗണ്ടുകളും ഉണ്ട്. ജിമെയിലിന്റെ 'യൂസര്‍ ഫ്രണ്ട്‌ലി' സമീപനമാണ് ഈ ഇ-മെയില്‍ സംവിധാനത്തെ ഏവര്‍ക്കും പ്രിയപ്പെട്ടതാക്കിയത്. അതിനാല്‍ തന്നെ ഇവിടെ നിന്നും ഇമെയില്‍, അറ്റാച്ച്‌മെന്റ്, ചാറ്റ്, കോണ്ടാക്റ്റ്‌സ്, ഡോക്യുമെന്റ്‌സ് ഉള്‍പ്പടെയുള്ള ഡാറ്റകള്‍ അപ്രത്യക്ഷമായത് ഇതിന് ഇരയായവരില്‍ മാത്രമല്ല, എല്ലാ ഉപഭോക്താക്കളിലും ആശങ്കയുണര്‍ത്തുന്നു.

മറ്റൊരു ജിമെയില്‍ അക്കൗണ്ടിലേക്ക് ഇമ്പോര്‍ട്ട് ചെയ്യുക

ഉപഭോക്താക്കള്‍ക്ക് ജിമെയില്‍ നല്‍കുന്ന സംവിധാനമാണ് 'ഇമ്പോര്‍ട്ട്', അതായത് ഇറക്കുമതി തന്നെ. ഒരു അക്കൗണ്ടിലെ ഡാറ്റകളെ മറ്റൊരു അക്കൗണ്ടിലേക്ക് മാറ്റുകയാണ് ഇവിടെ ഉദ്ദേശിച്ചത്. ഒരൊറ്റ അക്കൗണ്ട് ഉപയോഗിക്കുന്നവര്‍ ആദ്യം ചെയ്യേണ്ടത് മറ്റൊരു ജിമെയില്‍ അക്കൗണ്ട് കൂടി ക്രിയേറ്റ് ചെയ്യുകയാണ്. ആ പുതിയ അക്കൗണ്ടില്‍ സൈന്‍ ഇന്‍ ചെയ്ത് അതിന്റെ സെറ്റിങ്‌സില്‍ പോയി അക്കൗണ്ട്‌സ് ആന്റ് ഇമ്പോര്‍ട്ട്‌സ് എന്ന ടാബ് ക്ലിക് ചെയ്താല്‍ അവിടെ മെയില്‍ ഇമ്പോര്‍ട്ട് ചെയ്യാനുള്ള ഓപ്ഷന്‍ കാണാം. അങ്ങനെ ആ അക്കൗണ്ടിലേക്ക് സ്ഥിരം ഉപയോഗിക്കുന്ന (പ്രൈമറി അക്കൗണ്ട്) അക്കൗണ്ടിലെ ഡാറ്റകള്‍ ഇമ്പോര്‍ട്ട് ചെയ്യാം.
ഹോട്ട്‌മെയിലിന്റെ ട്രൂസ്വിച്ച് 

ജിമെയിലോളം സവിശേഷതകളൊന്നുമില്ലെങ്കിലും മൈക്രോസോഫ്റ്റിന്റെ ഹോട്ട്‌മെയില്‍ സേവനത്തിന് ഏകദേശം 36.4 കോടിയോളം ഉപഭോക്താക്കള്‍ ഉണ്ട്. ലോകത്തെ ഏത് സൗജന്യ മെയില്‍ ദാതാക്കളേക്കാളും കൂടുതല്‍. ട്രൂസ്വിച്ച് ഡോട്ട് കോമുമായി സഹകരിച്ച് ഇമ്പോര്‍ട്ട് പോലുള്ള സൗകര്യം ഹോട്ട്‌മെയിലും ലഭ്യമാണ്. ട്രൂസ്വിച്ച് ഒരു പെയ്ഡ് സര്‍വ്വീസാണ്. ഒരു അക്കൗണ്ടില്‍ നിന്ന് മറ്റൊന്നിലേക്ക് ഡാറ്റ ട്രാന്‍സ്ഫkര്‍ ചെയ്യാനാണ് ഇതിന്റെ പിന്തുണ. ഇതിന് വരുന്ന ചെലവുകള്‍ ഹോട്ട്‌മെയില്‍ വഹിക്കും. ഡാറ്റാ ബാക്ക് അപിനാണ് ഈ സേവനം ഉപയോഗപ്പെടുത്താനാകുക.
ജിമെയില്‍ ബാക്അപ് 

ജിമെയില്‍ ബാക്അപ് സൈറ്റില്‍ (gmail-backup.com) നിന്ന് സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാനാകുന്ന സോഫ്റ്റ്‌വെയര്‍ ടൂളാണ് ജിമെയില്‍-ബാക്ക്അപ്. ഇത് ഉപയോഗിക്കാന്‍ ജിമെയിലില്‍ ഐമാപ് (ഇന്റര്‍നെറ്റ് മെസേജ് ആക്‌സസ് പ്രോട്ടോകോള്‍) ആക്റ്റിവേറ്റ് ചെയ്തിരിക്കണം. അതിനായി ജിമെയില്‍ സെറ്റിങ്‌സില്‍ 'ഫോര്‍വാര്‍ഡിങ് പോപ്/ഐമാപ്' എന്ന ടാബിന് കീഴിലായി കാണുന്ന ഐമാപ് ആക്‌സസ് എനേബിള്‍ ചെയ്യണം. നിങ്ങളുടെ ഹാര്‍ഡ് ഡ്രൈവിലേക്ക് ജിമെയില്‍ ഡാറ്റ ബാക്ക് ചെയ്യാന്‍ ഇതോടെ സാധിക്കും. ഹാര്‍ഡ് ഡ്രൈവ് കപ്പാസിറ്റിയ്ക്കനുസരിച്ചുള്ള ഡാറ്റകള്‍ ബാക്ക് അപ് ചെയ്യാനാകും. ഇന്റര്‍നെറ്റ് കണക്ഷന്റെ വേഗത അടിസ്ഥാനമാക്കിയേ ഇത് എത്രനേരം പിടിക്കും പൂര്‍ത്തിയാകാന്‍ എന്ന് പറയാനാകൂ. ട്രാന്‍സ്ഫര്‍ ചെയ്യുന്ന സമയം ഉടനീളം കമ്പ്യൂട്ടറും ഇന്റര്‍നെറ്റും ആക്റ്റീവ് ആയിരിക്കണം. ഈ സോഫ്റ്റ്‌വെയറില്‍ റീസ്റ്റോര്‍ ഫങ്ഷനും ഉണ്ട്. കമ്പ്യൂട്ടര്‍ ഡാറ്റ ജിമെയിലിലേക്ക് സ്റ്റോര്‍ ചെയ്യാനും സാധിക്കും. ജിമെയില്‍ ബാക്ക് അപ് വെബ്‌സൈറ്റിന് ഒരു ഫോറവും ഉണ്ട്. ഇത് നിങ്ങളുടെ പരാതികള്‍ക്ക് പരിഹാരം ലഭിക്കാന്‍ സഹായകമാണ്.
മെയില്‍സ്റ്റോര്‍ 

ഇമെയില്‍ ബാക്ക്അപിനുള്ള മറ്റൊരു സൗജന്യ മാര്‍ഗ്ഗമാണ് മെയില്‍സ്റ്റോര്‍ (mailstore.com). ഇതിന് പോപ്3, ഐമാപ് ആക്‌സസ് എന്നിവ ഉപയോഗിച്ച് ഒന്നിലേറെ ഓണ്‍ലൈന്‍ ഇമെയില്‍ ഇന്‍ബോക്‌സുകള്‍ ആക്‌സസ് ചെയ്യാനാകും. ഈ സോഫ്റ്റ്‌വെയര്‍ ഡൗണ്‍ലോഡ് ചെയ്തുകൊണ്ടാണ് ആക്‌സസിങ് സാധിക്കുക. ജിമെയില്‍ ബാക് അപ്പിലേത് പോലെ മെയില്‍സ്റ്റോറിനും ഓണ്‍ലൈന്‍ ഫോറമുണ്ട്.
ജിമെയില്‍ കീപ്പര്‍ 

പെയ്ഡ് സര്‍വ്വീസാണ് ജിമെയില്‍ കീപ്പര്‍ (gmailkeeper.com)വാഗ്ദാനം ചെയ്യുന്നത്. 19.95 ഡോളറാണ് ഈ സര്‍വ്വീസിന്റെ വില. ജിമെയിലിനായി പ്രത്യേകം ഉള്ള ബാക്ക്അപ് സംവിധാനമാണിത്. ജിമെയിലിലെ എല്ലാ ഫോള്‍ഡറുകളും ലേബലും ബാക്ക് അപ് ചെയ്യാന്‍ ഇതിലൂടെ സാധിക്കും. സെന്റ് മെയില്‍, ഡ്രാഫ്റ്റ്, സ്റ്റാര്‍ ചെയ്ത മെയില്‍ അങ്ങനെ എല്ലാം ബാക്ക് അപ് ചെയ്യാം. സിപ് ഫയലായാണ് ഹാര്‍ഡ് ഡ്രൈവിലേക്ക് ബാക്ക് അപ് ചെയ്യുക. ഒരേ സമയം ഒന്നിലേറെ ജിമെയില്‍ അക്കൗണ്ടുകളിലെ ബാക്ക് അപ് എടുക്കാനും ഇതിന് ശേഷിയുണ്ട്.
ബാക്ക്അപിഫൈ 

വിവിധ ഓണ്‍ലൈന്‍ സര്‍വ്വീസുകളിലെ ഡാറ്റകള്‍ സൂക്ഷിക്കാനാണ് ബാക്ക്അപിഫൈ (backupify.com)സഹായിക്കുന്നത്. ജിമെയില്‍, ഗൂഗിള്‍ ഡോക്‌സ്, പിക്കാസ, ട്വിറ്റര്‍, ഫ്‌ളിക്കര്‍, ഫേസ്ബുക്ക്, സോഹോ, ബ്ലോഗര്‍ ഉള്‍പ്പടെ ഏത് സര്‍വ്വീസും ബാക്ക് അപ് ചെയ്യാം. ഇവ സര്‍ച്ച് ചെയ്യാനും, ഡൗണ്‍ലോഡ് ചെയ്യാനും റീസ്റ്റോര്‍ ചെയ്യാനും സാധിക്കും. മൂന്ന് പ്ലാനുകളാണ് ബാക്ക്അപിഫൈ വാഗ്ദാനം ചെയ്യുന്നത്. അതില്‍ ആദ്യത്തേത് ഓരോ അക്കൗണ്ടിനും 2ജിബി എന്ന നിലയില്‍ അഞ്ച് അക്കൗണ്ടുകളുടെ വരെ ബാക്ക് അപ് എടുത്തുവെക്കാന്‍ സാധിക്കുന്ന സൗജന്യപ്ലാന്‍ ആണ്. രണ്ടാമത്തേത് പ്രോ 100 പ്ലാന്‍. ഒരു അക്കൗണ്ടിന് 20 ജിബി സ്റ്റോറേജ് എന്ന നിരക്കില്‍ 25 വിവിധ അക്കൗണ്ടുകള്‍ ബാക്ക് അപ് ചെയ്യാനാകുന്ന പ്ലാനില്‍ 4.99 ഡോളര്‍ ഒരു മാസത്തേക്ക് ചെലവാകും. മൂന്നാമത്തെ പ്ലാനായ പ്രോ 500ല്‍ എത്ര അക്കൗണ്ടുകളിലെ ബാക്ക് അപ് വേണമെങ്കിലും അണ്‍ലിമിറ്റഡായി സ്റ്റോര്‍ ചെയ്യാം. ഒരു മാസം 19.99 ഡോളറാണ് ചെലവ്.

Thanks. 
സരിത പി.


No comments:

Subscribe Shaan Mail

Google Groups
Subscribe to Shaan Email Group (SEMG)
Email:
Visit this group