Monday, February 13, 2012

ചുംബനം വേണ്ട @ Feb 14



വാഷിംഗ്ടണ്‍: പ്രണയിക്കുന്നവരുടെ ദിവസമാണ് വാലന്റൈന്‍സ് ഡേ. ഇഷ്ടംപോലെ പ്രണയിച്ചോളൂ. എന്നാല്‍, ചുംബനം വേണ്ട, ലോയല്‍  യൂണിവേഴ്സിറ്റി ഹെല്‍ത്ത് സിസ്റ്റത്തിലെ മെഡിക്കല്‍ ഡയറക്ടര്‍  ജോര്‍ജ് പാര്‍സയുടെ മുന്നറിയിപ്പാണിത്.  ചുംബനത്തിലൂടെ ഒരു വ്യക്തിയില്‍ നിന്ന്  മറ്റൊരു വ്യക്തിയിലേക്ക്  രോഗാണുക്കള്‍  എളുപ്പത്തില്‍ പ്രവേശിക്കും എന്നതാണ് ഇതിന്  കാരണമായി പറയുന്നത്. പ്രത്യേകിച്ചും  ഫെബ്രുവരി രോഗങ്ങളുടെ മാസമാകുമ്പോള്‍. ചുണ്ടുകള്‍ കോര്‍ത്തുള്ള ചുംബനമാണ് ഏറെ പ്രശ്നം.

മഞ്ഞുകാലമായതിനാല്‍, പനി, ജലദോഷം, ചുമ തുടങ്ങിയ രോഗങ്ങള്‍  മിക്കവര്‍ക്കും പിടിപെട്ടിട്ടുണ്ടാവും.  രോഗം ഉള്ള ഒരാളെ ഇല്ലാത്ത ഒരാള്‍ ചുംബിക്കുമ്പോള്‍  അയാളിലേക്ക്  രോഗാണുക്കള്‍  പ്രവേശിക്കുകയും അയാള്‍ രോഗബാധിതനായി തീരുകയും ചെയ്യുന്നു. കാര്യങ്ങളുടെ പോക്ക്  ഇങ്ങനെയെന്നിരിക്കെ  ചുംബിച്ച് വെറുതെ അസുഖങ്ങള്‍ വാങ്ങിക്കൂട്ടുന്നത് എന്തിനാണെന്നാണ് ജോര്‍ജ് ചോദിക്കുന്നത്.  പ്രേമം പ്രകടിപ്പിക്കാന്‍ പ്രശ്നങ്ങളില്ലാത്ത വേറെ എന്തെല്ലാം മാര്‍ഗ്ഗങ്ങള്‍ കിടക്കുന്നു  അത് തിരഞ്ഞെടുത്താല്‍പ്പോരെ.

ചുംബനത്തിലൂടെ  മാത്രമല്ല ഗ്ളാസിലെ പാനീയം പങ്കുവയ്ക്കുക,  ഒരു ഫോര്‍ക്ക് ഉപയോഗിച്ച് ആഹാരം കഴിക്കുക, ഒരു ടവല്‍ ഉപയോഗിക്കുക തുടങ്ങിയവയൊക്കെ  രോഗം പകരാന്‍ കാരണമാകുമെന്ന് ജോര്‍ജ് ചൂണ്ടിക്കാട്ടുന്നു. കാമുകീ കാമുകന്മാരാകുമ്പോള്‍  ഇവ ഷെയര്‍ ചെയ്യുന്നത് സ്വാഭാവികം. അങ്ങനെ വരുമ്പോള്‍  രോഗം ഉറപ്പ്. ഇക്കാര്യത്തിലും ശ്രദ്ധയുണ്ടാവുന്നത് നന്നെന്നാണ് ജോര്‍ജ് പറയുന്നത്.

എന്നാല്‍ രോഗം നോക്കി ചുംബനത്തെ അകറ്റി നിറുത്തുന്നതെങ്ങനെ എന്ന ചോദ്യവുമായി ചില കമിതാക്കള്‍ രംഗത്തു വന്നിട്ടുണ്ട്. പ്രേമം പ്രകടിപ്പിക്കാന്‍ മറ്റെന്തു വഴിയുണ്ടെങ്കിലും  ചുംബനത്തിനു പകരം ചുംബനം മാത്രമല്ലേ ഉള്ളൂ എന്നാണവര്‍ ചോദിക്കുന്നത്.

No comments:

Subscribe Shaan Mail

Google Groups
Subscribe to Shaan Email Group (SEMG)
Email:
Visit this group